Tuesday, August 15, 2006

ആടാട്ട്‌ പരമേശ്വരന്‍

ഇളം പച്ച പട്ട്ചേല ചുറ്റി കണ്ണാടിക്കുമുന്‍പിലൊരു തളള കാക്കയെ പോലെ ചാഞ്ഞും, ചെരിഞ്ഞും ഞാന്‍ നോക്കി, ആകപ്പാടെ ഒരു ആനചന്തം ഒക്കെയുണ്ട്‌. ഈ സാരി തന്നെ മതിയോ! അതിനുമുന്‍പ്‌ റിഹേഴ്സല്‍ നോക്കിയ 5 സാരിയും ബെഡ്ഡില്‍ അനാധരായിക്കിടക്കുന്നു. എന്റെ വലതു ഭാഗം ഇവിടെ ഇല്ലാതിരുന്നതു കൊണ്ട്‌ ഒരു അടി ഒഴിഞ്ഞുകിട്ടി.അല്ലെങ്കിലും ഈ പട്ടാളക്കാരെ സഹിക്കുന്ന ഭാര്യമാര്‍ക്കാണു അവാര്‍ഡ്‌ നല്‍കേണ്ടത്‌.

മക്കള്‍ പോകുവാനായി തിരക്കുക്കൂട്ടിക്കൊണ്ടിരുന്നു.പൂരത്തിനു നാട്ടിലുള്ള പെണ്ണുങ്ങളൊക്കെയും ഉടുത്തൊരുങ്ങി വരും, ആരുടേയും പിന്നിലായിരിക്കരുതല്ലോ ഈ ഞാനും!!. “എന്നെ കണ്ടാല്‍ ഒരു പ്രോസ്‌....ലുക്കുണ്ടോ“ എന്ന് ബിന്ദുപണിക്കര്‍ സിനിമയില്‍ ചോദിക്കുന്നതു പോലെ ഞാന്‍ മക്കളുടെ മുന്‍പില്‍ അവതരിച്ചു. അംബരന്നു നില്‍ക്കുന്ന കുട്ടികളെ അവഗണിച്ച്‌ ഞാന്‍ നടന്നു.

ഈ കുട്ടികള്‍ക്ക്‌ എന്തറിയാം, ഞങ്ങളുടെ കൌമാരപ്രായത്ത്‌ പെണ്‍കുട്ടികളൊക്കെ ഉടുത്തൊരുങ്ങി മിസ്സ്‌ കേരളകളായി രാവിലെ തന്നെ നിരന്നങ്ങനെ നില്‍ക്കുബോള്‍, ഇതാ വരുന്നു അഴകിയ സൂപ്പര്‍ സ്റ്റാര്‍സ്‌. പിന്നെ അവന്മാരുടെ, വാശിയേറിയ മേളത്തിനൊത്തുള്ള ആടലും, മുദ്രയും, നോട്ടവും കണ്ടില്ലെന്നു നടിച്ചാലും സത്യത്തില്‍ കുമാരികള്‍ അതൊക്കെ ആസ്വദിച്ചിരുന്നു.

ഉത്സവപറബിലെത്തിയപ്പോഴേക്കും 3 ആനയെ കൂട്ടിയുള്ള എഴുന്നുള്ളിപ്പ്‌ തുടങ്ങിയിരുന്നു. ഒരുവിധം തലയെടുപ്പോടെ ചുറ്റുപ്പാടും നോക്കിയപ്പോള്‍ എനിക്ക്‌ തല കറങ്ങുന്നതുപ്പോലെ തോന്നി. സിനിമ പോസ്ട്ടറിനു മുന്‍പില്‍ വാ പൊളിച്ചു നില്‍ക്കുന്ന കുട്ടികളെപ്പോലെ ഒരു കൂട്ടം കുട്ടികള്‍ മാത്രം. 2 മണിക്കൂര്‍ ഗുസ്തിപിടിച്ച്‌ പൂശിയ ചായമെല്ലാം ആ ഞെട്ടലില്‍ ഇളകി തുടങ്ങിയിരുന്നു.

എന്റെ സ്വപ്നങ്ങളെല്ലാം തകര്‍ത്തത്‌ ദൂരദര്‍ശനിലെ ഞായറാഴ്ച പടമായിരുന്നു. ആ വിഷമമെല്ലാം പറഞ്ഞ്‌ ദേവിക്കു ഒരു പറകൊടുക്കാമെന്നു വിചാരിച്ചു. അപ്പോഴാണു പണ്ട്‌ മുത്തശ്ശി പറഞ്ഞത്‌ ഓര്‍മ്മവന്നത്‌. നടക്കല്‍ പൂരം എത്തുബോള്‍ പറ വെച്ചാല്‍ കൂടുതല്‍ ഐശ്വര്യം കുടുംബത്തിനു ഉണ്ടാവു മത്രെ.

ചെണ്ട മേളം മുറുകി, മുന്നില്‍ നിരന്നു നില്‍ക്കുന്ന ആനയെ കണ്ടപ്പോള്‍ എന്റെ നെഞ്ചിലും മേളം തുടങ്ങി. ആനകള്‍ക്ക്‌ ലേഡീസ്‍ ഒരു വീക്നസ്സാ എന്ന് ആരോ പറഞ്ഞത്‌ ഓര്‍ക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എന്റെ പേടി കണ്ട്‌ മുന്നില്‍ നില്‍ക്കുന്ന ആനക്ക്‌ ഒരു കുസ്രുതി നോട്ടം. പറ വെച്ചു നിവര്‍ന്നപ്പോള്‍ അത്‌ എന്നെ നോക്കി കണ്ണടിച്ചോ എന്നൊരു സംശയം. അടുത്തു നിന്നവരുമതിന്റെ നോട്ടപിശകിനെ പറ്റി പറഞ്ഞതും ഞാന്‍ വേഗം പിന്നോക്കം നടക്കാന്‍ തുടങ്ങി.

ആദ്യത്തെ ഏറുപടക്കം പൊട്ടിയപ്പോള്‍ (ഞങ്ങളും, ദേവിയും, ബിപി.ല്‍.കുടുബം)അതാ ആന പിന്നോക്കം സ്റ്റപ്പെടുക്കുന്നു. എല്ലാവരും കരഞ്ഞ്‌ അംബലത്തിനുള്ളില്‍ ഓടി കയറുന്നതിനു മുന്‍പ്‌ പാപ്പാന്‍ ഓടി രക്ഷപ്പെടുന്നത്‌ കണ്ടു. 4 കാലിലും ചങ്ങല ഇട്ടതിനാല്‍ പുള്ളി സ്ലൊമോഷ്യനില്‍ ഉദയനാണു താരത്തില്‍ ശ്രീനിവാസന്‍ കരളേ.... എന്ന് പാട്ടും പാടി ഓടുന്ന പ്രതീതിയായിരുന്നു. ഇതു കണ്ട്‌ സൂര്യേട്ടന്‍ പോയി കടലില്‍ ഒളിച്ചു.എല്ലാവരും ചെരിപ്പിട്ട്‌ കയറിയ ഇത്തിരി വിഷമം ദേവിക്കും ഉണ്ടായിരുന്നു. ആനയാണെങ്കില്‍ ഇടക്കിടെ ചെക്കിങ്ങിനും ഓടി വരും.

ഇരുട്ട്‌ കൂടിതുടങ്ങി, ആരൊക്കെയോ ചേര്‍ന്ന് അടുത്ത വീട്ടിലെ വേലി പൊളിച്ച്‌ കുട്ടികളേയും, സ്ത്രീകളേയും നടപ്പുരയുടെ ചെറിയ വാതിലൂടെ കടത്തിവിട്ടു തുടങ്ങി. അതിനിടെ വെട്ടുകൂലിക്ക്‌ തര്‍ക്കം നിന്നിരുന്ന 5 തെങ്ങും അവന്‍ തട്ടിയിട്ടു . ഒരു വന്‍ ലാഭം കിട്ടിയ സന്തോഷത്തില്‍ കമ്മറ്റിക്കാര്‍ “മോനെദിനേശാ, നീ എത്ര വേണേലും ഓടിക്കോ“ എന്നായി.

“ആന അപ്പുറത്താ ചേച്ചി ഒന്നു ഇറങ്ങിയേ“ എന്ന് ഒരുത്തന്‍ വിളിച്ചു പറഞ്ഞപ്പോളാണു മക്കളേയും പിടിച്ച്‌ ഞാന്‍ ചാടി ഇറങ്ങിയത്‌. വീടെത്തും വരെ പിന്നില്‍ പാദസരകിലുക്കത്തിനായി ഞാന്‍ കാതോര്‍ത്തിരുന്നു.

പിറ്റേദിവസം ചുടുദോശ പോലെ വാര്‍ത്തകള്‍ പരന്നു. അവന്‍ ആടാട്ട്‌ പരമേശ്വരനാണെന്നും, ഏതോ ഒരുവന്‍ കൊബില്‍ പിടിച്ചിട്ടാണു ഓടിയത്‌ എന്നും, അല്ല്ല ദേവി കോപിച്ചിട്ടാണെന്നും ഒക്കെ.
എന്നാലും ആടാട്ടിനെ സ്വപ്നത്തില്‍ കണ്ട്‌ ഇടക്കൊക്കെ ഞാന്‍ വിയര്‍ക്കാറുണ്ട്‌. പിന്നീട്‌ പൂരം പോക്കിനായി വീട്ടില്‍ ആനകളെ കൊണ്ടു വന്നപ്പോള്‍ അതിലെ പാപ്പാന്മാരാണു പറഞ്ഞത്‌ ഓട്ടം അവനു ഒരു ഹോബ്ബിയാണെന്നും, അവന്റെ ആദിവാസി പാപ്പാനെ കാണുബോള്‍ അവനു കോം ബ്ലക്സ്‌ ആണെന്നും.

ആശ്വാസമായി!പാവം ,ഞാന്‍ സംശയിച്ചതുവെറുതെ.............
അപ്പോഴതാ മുന്നില്‍ ചിറക്കല്‍ മഹാദേവന്‍ എന്നെ നോക്കി കണ്ണുചിമ്മുന്നു...........
അയ്യോ എനിക്കു വയ്യേ!!!!!!

9 Comments:

Blogger കൈത്തിരി said...

ഗുസ്തി പിടിച്ചു പൂശിയ ചായം ഇളകിപ്പോയപ്പൊ എന്തൊ ഒരു ഭാരക്കുറവ്, അല്ലേ ചേച്ചീ? ഈ പേട്യൊരു സംഭവം തന്നെ....

8:05 AM  
Blogger ദില്‍ബാസുരന്‍ said...

സ്വപ്നത്തിലും വന്ന് പേടിപ്പിക്കുമെങ്കില്‍ കുറച്ച് കഷ്ടമാണേ...

8:28 AM  
Blogger കുട്ടന്മേനൊന്‍::KM said...

അനുചേച്ചിയുടെ കഥ കൊള്ളാം. അക്ഷരപ്പിശാശിനെ കുട്ടുപിടിക്കാതെ ഖണ്ഡിക തിരിച്ച് എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി നന്നായിരുന്നു.

9:00 AM  
Blogger അനു ചേച്ചി said...

കൈത്തിരിക്കും,ദില്‍ബനും,മേനോനും നന്ദി.ആരെങ്കിലും വായിച്ചല്ലോ. തെറ്റുകള്‍ പറഞ്ഞു തരണം.
ഇത്തിരി ഗ്ലാമര്‍ ഇരിക്കട്ടെ എന്ന് വിചാരിച്ചു കൈത്തിരി,ഏറ്റില്ലല്ലോ.

10:25 AM  
Blogger കണ്ണൂസ്‌ said...

അതു ശരി.. ചേച്ചി ആനോളെ പേടിപ്പിക്കാന്‍ എറങ്ങീരിക്ക്യാ അല്ലേ.. :-)

10:23 PM  
Blogger വിശാല മനസ്കന്‍ said...

അത് കലക്കി. അനുചേച്ച്യേ..

‘അതിനിടെ വെട്ടുകൂലിക്ക്‌ തര്‍ക്കം നിന്നിരുന്ന 5 തെങ്ങും അവന്‍ തട്ടിയിട്ടു ‘

11:14 PM  
Blogger താര said...

അനുച്ചേച്ചീ, കഥ അസ്സലായിരിക്കുന്നു....ആടാട്ട് ആനച്ചേട്ടന്‍ സ്ലോമോഷനില്‍ വരുന്ന രംഗം ആലോചിച്ച് ചിരിച്ച് മതിയായി...നന്നായി എഴുതിയിരിക്കുന്നു അനുച്ചേച്ചി.

3:55 AM  
Blogger കൊച്ചുഗുപ്തന്‍ said...

നന്നായിരിയ്ക്കുന്നു..

ന്നാലും അത്രയ്ക്ക്‌ വേണ്ടീര്‍ന്നില്ല.. പട്ടാളക്കാര്‌ പാവല്ലെ ?

ആനപ്രേമികള്‍ക്കായി, കുമാറും കൂട്ടരും ഒരുക്കിയ "ആനച്ചന്തം" ബ്ലോഗ്‌ കണ്ടിരിയ്ക്കുമല്ലൊ?

6:46 AM  
Blogger കുട്ടമ്മേനൊന്‍::KM said...

evide.. puthiya saadhanangngalonnum ille ?

5:58 AM  

Post a Comment

Links to this post:

Create a Link

<< Home