Monday, August 28, 2006

മണ്‍ ചിരാതുകള്‍

ഒരു മണ്‍ചിരാതില്‍ അണയാന്‍ വെംബുന്ന ഒരു തിരിനാളമായ്‌ അവള്‍ കത്തിക്കൊണ്ടിരുന്നു.
കരിന്തിരിക്ക്‌ മുംബുള്ള ഒരു ആളല്‍ മാത്രമായിരുന്നു അത്‌.

ആരേയും വിട്ടുപിരിയാന്‍ മനസ്സില്ലെങ്കിലും, ഇനിയും വന്നു ചേരാനിരിക്കുന്ന അത്യാഹിതങ്ങളെ ഭയന്ന് ഓടി അകലുകയായിരുന്നു.

കൊഴിഞ്ഞു പോയ സുരഭിലമായ ബാല്യവും കൗമാരവും തിരിച്ചുവരില്ലെന്നറിഞ്ഞിട്ടും, വെറുതെ ആ കാലങ്ങളിലേക്ക്‌ നടന്നടുക്കുവാന്‍ മനസ്സ്‌ വൃഥാ വെംബല്‍കൊണ്ടു.

ക്യാംബസ്സിലെ പൂബാറ്റകളായി പാറിനടന്ന കാലത്ത്‌ കണ്ട ആ നിറമുള്ള സ്വപ്നങ്ങളൊക്കെയും ഒരു ചരടില്‍ കെട്ടി അയാളവളെ ബന്ധനത്തിലാക്കുകയായിരുന്നു.

ആയിരം കുറ്റപ്പെടുത്തലുകളുടെ നടുവില്‍ ഒരു മെഴുകുതിരിയെ പോലെ സ്വയം ഉരുകി തീരുംബോഴും അവള്‍ അയാള്‍ക്കും കുടുംബത്തിനും വേണ്ടി ഒരു കഴുതയെപ്പോലെ കഷ്ടപ്പെട്ടു.

വ്യാഘ്രത്തെ കണ്ട്‌ പേടിച്ചൊളിക്കുന്ന മാന്‍പേടയുടെ പരിഭ്രമമായിരുന്നു എപ്പോഴും അവളുടെ മിഴികളില്‍.
എല്ലാം സ്വന്തമാക്കാനുള്ള വ്യഗ്രതയില്‍ അവര്‍ അവള്‍ക്ക്‌ വിലപേശിക്കൊണ്ടിരുന്നു.
" അഗ്നിയില്‍ ഹോമിക്കപ്പെടുന്ന ഇയ്യാം പാറ്റകള്‍",

ഇനി ഒരിക്കലും ഒരു തിരിച്ചുവരവില്ലാതെ അവള്‍,
വിഡ്ഡി വേഷം കെട്ടിയ രാജകുമാരിയെപ്പോലെ, സ്വപ്നങ്ങളുറങ്ങുന്ന ആ താഴ്‌വാരത്തിലെ പടവുകളിലേക്കവളിറങ്ങി.

Tuesday, August 15, 2006

ആടാട്ട്‌ പരമേശ്വരന്‍

ഇളം പച്ച പട്ട്ചേല ചുറ്റി കണ്ണാടിക്കുമുന്‍പിലൊരു തളള കാക്കയെ പോലെ ചാഞ്ഞും, ചെരിഞ്ഞും ഞാന്‍ നോക്കി, ആകപ്പാടെ ഒരു ആനചന്തം ഒക്കെയുണ്ട്‌. ഈ സാരി തന്നെ മതിയോ! അതിനുമുന്‍പ്‌ റിഹേഴ്സല്‍ നോക്കിയ 5 സാരിയും ബെഡ്ഡില്‍ അനാധരായിക്കിടക്കുന്നു. എന്റെ വലതു ഭാഗം ഇവിടെ ഇല്ലാതിരുന്നതു കൊണ്ട്‌ ഒരു അടി ഒഴിഞ്ഞുകിട്ടി.അല്ലെങ്കിലും ഈ പട്ടാളക്കാരെ സഹിക്കുന്ന ഭാര്യമാര്‍ക്കാണു അവാര്‍ഡ്‌ നല്‍കേണ്ടത്‌.

മക്കള്‍ പോകുവാനായി തിരക്കുക്കൂട്ടിക്കൊണ്ടിരുന്നു.പൂരത്തിനു നാട്ടിലുള്ള പെണ്ണുങ്ങളൊക്കെയും ഉടുത്തൊരുങ്ങി വരും, ആരുടേയും പിന്നിലായിരിക്കരുതല്ലോ ഈ ഞാനും!!. “എന്നെ കണ്ടാല്‍ ഒരു പ്രോസ്‌....ലുക്കുണ്ടോ“ എന്ന് ബിന്ദുപണിക്കര്‍ സിനിമയില്‍ ചോദിക്കുന്നതു പോലെ ഞാന്‍ മക്കളുടെ മുന്‍പില്‍ അവതരിച്ചു. അംബരന്നു നില്‍ക്കുന്ന കുട്ടികളെ അവഗണിച്ച്‌ ഞാന്‍ നടന്നു.

ഈ കുട്ടികള്‍ക്ക്‌ എന്തറിയാം, ഞങ്ങളുടെ കൌമാരപ്രായത്ത്‌ പെണ്‍കുട്ടികളൊക്കെ ഉടുത്തൊരുങ്ങി മിസ്സ്‌ കേരളകളായി രാവിലെ തന്നെ നിരന്നങ്ങനെ നില്‍ക്കുബോള്‍, ഇതാ വരുന്നു അഴകിയ സൂപ്പര്‍ സ്റ്റാര്‍സ്‌. പിന്നെ അവന്മാരുടെ, വാശിയേറിയ മേളത്തിനൊത്തുള്ള ആടലും, മുദ്രയും, നോട്ടവും കണ്ടില്ലെന്നു നടിച്ചാലും സത്യത്തില്‍ കുമാരികള്‍ അതൊക്കെ ആസ്വദിച്ചിരുന്നു.

ഉത്സവപറബിലെത്തിയപ്പോഴേക്കും 3 ആനയെ കൂട്ടിയുള്ള എഴുന്നുള്ളിപ്പ്‌ തുടങ്ങിയിരുന്നു. ഒരുവിധം തലയെടുപ്പോടെ ചുറ്റുപ്പാടും നോക്കിയപ്പോള്‍ എനിക്ക്‌ തല കറങ്ങുന്നതുപ്പോലെ തോന്നി. സിനിമ പോസ്ട്ടറിനു മുന്‍പില്‍ വാ പൊളിച്ചു നില്‍ക്കുന്ന കുട്ടികളെപ്പോലെ ഒരു കൂട്ടം കുട്ടികള്‍ മാത്രം. 2 മണിക്കൂര്‍ ഗുസ്തിപിടിച്ച്‌ പൂശിയ ചായമെല്ലാം ആ ഞെട്ടലില്‍ ഇളകി തുടങ്ങിയിരുന്നു.

എന്റെ സ്വപ്നങ്ങളെല്ലാം തകര്‍ത്തത്‌ ദൂരദര്‍ശനിലെ ഞായറാഴ്ച പടമായിരുന്നു. ആ വിഷമമെല്ലാം പറഞ്ഞ്‌ ദേവിക്കു ഒരു പറകൊടുക്കാമെന്നു വിചാരിച്ചു. അപ്പോഴാണു പണ്ട്‌ മുത്തശ്ശി പറഞ്ഞത്‌ ഓര്‍മ്മവന്നത്‌. നടക്കല്‍ പൂരം എത്തുബോള്‍ പറ വെച്ചാല്‍ കൂടുതല്‍ ഐശ്വര്യം കുടുംബത്തിനു ഉണ്ടാവു മത്രെ.

ചെണ്ട മേളം മുറുകി, മുന്നില്‍ നിരന്നു നില്‍ക്കുന്ന ആനയെ കണ്ടപ്പോള്‍ എന്റെ നെഞ്ചിലും മേളം തുടങ്ങി. ആനകള്‍ക്ക്‌ ലേഡീസ്‍ ഒരു വീക്നസ്സാ എന്ന് ആരോ പറഞ്ഞത്‌ ഓര്‍ക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു. എന്റെ പേടി കണ്ട്‌ മുന്നില്‍ നില്‍ക്കുന്ന ആനക്ക്‌ ഒരു കുസ്രുതി നോട്ടം. പറ വെച്ചു നിവര്‍ന്നപ്പോള്‍ അത്‌ എന്നെ നോക്കി കണ്ണടിച്ചോ എന്നൊരു സംശയം. അടുത്തു നിന്നവരുമതിന്റെ നോട്ടപിശകിനെ പറ്റി പറഞ്ഞതും ഞാന്‍ വേഗം പിന്നോക്കം നടക്കാന്‍ തുടങ്ങി.

ആദ്യത്തെ ഏറുപടക്കം പൊട്ടിയപ്പോള്‍ (ഞങ്ങളും, ദേവിയും, ബിപി.ല്‍.കുടുബം)അതാ ആന പിന്നോക്കം സ്റ്റപ്പെടുക്കുന്നു. എല്ലാവരും കരഞ്ഞ്‌ അംബലത്തിനുള്ളില്‍ ഓടി കയറുന്നതിനു മുന്‍പ്‌ പാപ്പാന്‍ ഓടി രക്ഷപ്പെടുന്നത്‌ കണ്ടു. 4 കാലിലും ചങ്ങല ഇട്ടതിനാല്‍ പുള്ളി സ്ലൊമോഷ്യനില്‍ ഉദയനാണു താരത്തില്‍ ശ്രീനിവാസന്‍ കരളേ.... എന്ന് പാട്ടും പാടി ഓടുന്ന പ്രതീതിയായിരുന്നു. ഇതു കണ്ട്‌ സൂര്യേട്ടന്‍ പോയി കടലില്‍ ഒളിച്ചു.എല്ലാവരും ചെരിപ്പിട്ട്‌ കയറിയ ഇത്തിരി വിഷമം ദേവിക്കും ഉണ്ടായിരുന്നു. ആനയാണെങ്കില്‍ ഇടക്കിടെ ചെക്കിങ്ങിനും ഓടി വരും.

ഇരുട്ട്‌ കൂടിതുടങ്ങി, ആരൊക്കെയോ ചേര്‍ന്ന് അടുത്ത വീട്ടിലെ വേലി പൊളിച്ച്‌ കുട്ടികളേയും, സ്ത്രീകളേയും നടപ്പുരയുടെ ചെറിയ വാതിലൂടെ കടത്തിവിട്ടു തുടങ്ങി. അതിനിടെ വെട്ടുകൂലിക്ക്‌ തര്‍ക്കം നിന്നിരുന്ന 5 തെങ്ങും അവന്‍ തട്ടിയിട്ടു . ഒരു വന്‍ ലാഭം കിട്ടിയ സന്തോഷത്തില്‍ കമ്മറ്റിക്കാര്‍ “മോനെദിനേശാ, നീ എത്ര വേണേലും ഓടിക്കോ“ എന്നായി.

“ആന അപ്പുറത്താ ചേച്ചി ഒന്നു ഇറങ്ങിയേ“ എന്ന് ഒരുത്തന്‍ വിളിച്ചു പറഞ്ഞപ്പോളാണു മക്കളേയും പിടിച്ച്‌ ഞാന്‍ ചാടി ഇറങ്ങിയത്‌. വീടെത്തും വരെ പിന്നില്‍ പാദസരകിലുക്കത്തിനായി ഞാന്‍ കാതോര്‍ത്തിരുന്നു.

പിറ്റേദിവസം ചുടുദോശ പോലെ വാര്‍ത്തകള്‍ പരന്നു. അവന്‍ ആടാട്ട്‌ പരമേശ്വരനാണെന്നും, ഏതോ ഒരുവന്‍ കൊബില്‍ പിടിച്ചിട്ടാണു ഓടിയത്‌ എന്നും, അല്ല്ല ദേവി കോപിച്ചിട്ടാണെന്നും ഒക്കെ.
എന്നാലും ആടാട്ടിനെ സ്വപ്നത്തില്‍ കണ്ട്‌ ഇടക്കൊക്കെ ഞാന്‍ വിയര്‍ക്കാറുണ്ട്‌. പിന്നീട്‌ പൂരം പോക്കിനായി വീട്ടില്‍ ആനകളെ കൊണ്ടു വന്നപ്പോള്‍ അതിലെ പാപ്പാന്മാരാണു പറഞ്ഞത്‌ ഓട്ടം അവനു ഒരു ഹോബ്ബിയാണെന്നും, അവന്റെ ആദിവാസി പാപ്പാനെ കാണുബോള്‍ അവനു കോം ബ്ലക്സ്‌ ആണെന്നും.

ആശ്വാസമായി!പാവം ,ഞാന്‍ സംശയിച്ചതുവെറുതെ.............
അപ്പോഴതാ മുന്നില്‍ ചിറക്കല്‍ മഹാദേവന്‍ എന്നെ നോക്കി കണ്ണുചിമ്മുന്നു...........
അയ്യോ എനിക്കു വയ്യേ!!!!!!

Sunday, August 06, 2006

പകലിന്റെ ദു:ഖം

ഒരു പുലര്‍ക്കാലവേളയിലുണര്‍ന്നു ഞാനെന്‍
പുലരിയെ പുല്‍കി നടന്നു നീങ്ങവെ-
കിരണങ്ങള്‍ ഇറങ്ങിയ വീഥിയിലൂടെ
കുളിര്‍മ പുല്‍കിയ ചോലയിലൂടെ,
തളിര്‍മ നല്‍കുമെന്‍ മനസ്സിലൂടെ,
കുളിരു കൊരിടുന്ന സന്ധ്യയെയോര്‍ത്ത്‌-
മഞ്ഞില്‍ പുതഞ്ഞു നില്‍ക്കുന്ന സന്ധ്യേ!
എന്നെനിയെനിക്കിനി കാണുവാനാകും?
കാത്തിരിക്കുന്നു നിന്നെ ഞാനോമലേ
കാട്ടുമുല്ലയുടെ സ്വപ്നവും പേറി.
കാട്ടിലെ കുയില്‍ പാടിയ ശ്രുതികളില്‍
താളത്തിനൊത്തു ന്രര്‍ത്തമാടിയ മയിലുകള്‍
‍മയിലിലെ പീലി വര്‍ണ്ണങ്ങളൊക്കെയും
സ്വന്തമല്ലെന്നോര്‍ത്തു നൊംബ്ബരപ്പെട്ടു ഞാന്‍
‍വിണ്ണില്‍ വിരിഞ്ഞ മയില്‍പ്പീലിത്തുണ്ടിലെ
വര്‍ണ്ണങ്ങളില്‍ ഞാന്‍ നീന്തിത്തുടിക്കവെ
വിണ്ണില്‍ അഴിഞ്ഞ നിന്‍ കാര്‍മുടിക്കുള്ളില്‍ നിന്ന്-
യെത്തി നോക്കിയ തിങ്കളെ കാണവെ
പെയ്തിറങ്ങിയ മഴത്തുള്ളികള്‍ക്കുള്ളിലായ്‌
പെയ്തിറങ്ങിയെന്‍ മോഹവും സ്വപ്നവും.

Friday, August 04, 2006

പിറവിഓര്‍മ്മകളിലെപ്പോഴും ഒരു നൊബ്ബരമായ്‌ അവള്‍ എന്നിലേക്കിറങ്ങി.വിടരും മുന്‍പെ കൊഴിയുന്ന ഒരു പുഷ്പമായി അവള്‍ സ്ക്രീനില്‍ നിറഞ്ഞു നിന്നു.അവളുടെ പുഞ്ചിരിയില്‍,കണ്ണുകളില്‍ ഈ ഭൂമിയിലെ എല്ലാ മനുഷ്യ ജീവികളോടും വെറുപ്പായിരുന്നോ? പിറവിയുടെ ഗര്‍ഭപാത്രത്തില്‍നിന്നും എത്തിയപ്പോഴേക്കും അവളീ ലോകത്തില്‍ ഒറ്റപ്പെട്ടിരുന്നു.അമ്മ എന്ന ഓം കാരത്തില്‍ നിന്നും ചുരത്തിയെടുത്ത അമൃത്‌ ആ കുഞ്ഞിനെ അന്ധകാരത്തിലാഴ്ത്തി,അവര്‍ ഇരുളീലേക്കിറങ്ങിപ്പോയി.

ഈ ഭൂമിയിലെ ഒരു വന്യ ജീവി പോലെ, അവളെ ഒരു ക്ലാസ്‌ മുറിയില്‍ തനിച്ചാക്കി!ബഹളം കൂട്ടി ഓടികളിക്കുന്ന കുട്ടികളില്‍ കൂടാനായി അവള്‍ വെറുതെ മോഹിച്ചു.ഇണങ്ങിയും പിണങ്ങിയും കൂട്ടുകൂടാനും അവള്‍ക്ക്‌ കാക്കയും,പൂച്ചയും,പൂബാറ്റകളും മാത്രം.നിറങ്ങളും,സ്നേഹവും നഷ്ടപ്പെട്ട്‌ ഈ ലോകത്തിന്റെ ഒരു കോണില്‍ തന്റെ അസുഖത്തിന്റെ തീവ്രതയറിയാതെ ഇരുളിലെവിടേയോ പതുങ്ങിനില്‍ക്കുന്ന മരണത്തെ പുല്‍കാനായി കാത്തിരിക്കുന്ന വിദ്യ എന്ന കൊച്ചുപെണ്‍കുട്ടി.

കൂട്ടം തെറ്റി മേയുന്നവരെ,നിങ്ങളുടെ മേച്ചില്‍പുറങ്ങളിലെ ഗര്‍ഭപാത്രങ്ങളില്‍ ഇനി ഒരു കുഞ്ഞും പിറക്കാതിരുന്നെങ്കില്‍!
Friday, July 28, 2006

തമസ്സ്

തമസ്സാണിവിടം തമസ്സാണിവിടം
തമസ്സാണീ പ്രപഞ്ചം മുഴുവനും.
തമസ്സില്‍ പെട്ടുഴലുന്നു ഞാനുമെന്‍ മക്കളുമെന്ന്,
മാറത്തടിച്ചലറിക്കരയുന്നു ധരിത്രിയും.
മറച്ചുവോ തുറുങ്കിലടച്ചുവോയെന്നര്‍ക്കനെ;
കരി, കാള ക്കൂട്ടങ്ങളാം മുകില്‍.

പച്ചക്കസവില്‍ പൊതിഞ്ഞ വനമെല്ലാം,
ശുഷ്കിച്ചു നില്‍ക്കുന്നൊരു ശവകുടീരം കണക്കെ,
നിറകുംഭങ്ങള്‍ പേറി തളര്‍ന്ന വയലേലയിതാ-
വറ്റി വരണ്ടു കിടക്കുന്നു നീളെ.

കത്തിക്കുന്നു കരിക്കട്ടകളാകുന്നെന്‍ വധുക്കളെ‍,
പുത്തന്‍ ചേലയുടേ പുതുമണം മാറും മുന്‍പേ
കത്തിക്കരിയുന്ന മാംസക്കഷണങ്ങള്‍ക്കിടയിലായ്;
തപ്പിനോക്കുന്നോമന തന്നമ്മിഞ്ഞ പാലിനായ്.

ചന്ദനഗന്ധം വീശൂം ആരാധാനലായനങ്ങളിന്നിതാ-
ചീഞ്ഞ മാംസത്തില്‍ കൂനയില്‍ മുങ്ങിക്കിടക്കുന്നു.
ശീവേലി തൊഴുവാന്‍ ശ്രീ കോവിലെത്തി നോക്കിയപ്പോള്‍-
പുറപ്പെട്ടു ദേവിയും, തിരുവാഭരണവും ശീമക്കപ്പലില്‍

വെണ്മയേറുന്ന പുസ്തകങ്ങള്‍ക്കിടയിലായ്
സഞ്ചരിക്കുന്നു കഠാരയും വടിവാളും.
കുന്നുകൂടിയ അസ്ഥികള്‍ക്ക് മുകളിലായ്
വിജയഭേരി മുഴക്കുന്നു ദ്വാരപാലകര്‍.

അഴിച്ചുമാറ്റുന്നെന്‍ വസ്ത്രങ്ങളോരോന്നായ്
ഭംഗില്‍ നീന്തുന്ന യുവതലമുറ.
അര്‍ദ്ധനഗ്നയായ് കേഴുന്നൂ ജനനി വീണ്ടും
തമസ്സാണിവിടം, തമസാണിവിടം തമസ്സാണെന്‍ ചുറ്റിലും.